![എന്റെ പോക്ക്- ഇടപ്പള്ളി രാഘവൻ പിള്ള's image](https://kavishala-ejf3d2fngme3ftfu.z03.azurefd.net/kavishalalabs/sootradhar_post/poet-edappally-raghavan-pillai-720x340.png)
എന്റെ പോക്ക്- ഇടപ്പള്ളി രാഘവൻ പിള്ള
ഉച്ചവെയിലേറ്റു വാടും കൈവല്ലിയിൽ
പിച്ചപ്പാഴ്കുമ്പിളുമേന്തിയേന്തി;
മേല്ക്കുമേൽ വീഴുന്ന പാരുഷ്യമാർന്നിടും
വാക്കുതൻ കല്ലേറു പേറിപ്പേറി;
കണ്ടകാകീർണങ്ങളായിടും വീഥികൾ
കണ്ടകമൊട്ടൊട്ടു വാടിവാടി;
ആശാസുമങ്ങൾ വിരിച്ചിട്ടു മാർഗത്തിൽ
ക്ലേശങ്ങളാകവേ മാറ്റിമാറ്റി;
സ്വപ്നസുഖങ്ങൾതൻ ശീതളച്ഛായയിൽ
സ്വസ്ഥമായ് വിശ്രമം തേടിത്തേടി;
പിന്നിട്ടു കാലടിയോരോന്നും ചിത്തത്തിൻ-
സ്പന്ദനാൽ തിട്ടമായെണ്ണിയെണ്ണി;
വറ്റാത്തൊരിറ്റനുകമ്പ ലഭിക്കുവാൻ
ചുറ്റിത്തിരിഞ്ഞു ഞാൻ നാൾ കഴിപ്പൂ!
Read More! Learn More!