സ്വപ്നവിഹാരി ; ഇടപ്പള്ളി രാഘവൻ പിള്ള's image
2 min read

സ്വപ്നവിഹാരി ; ഇടപ്പള്ളി രാഘവൻ പിള്ള

Edappally Raghavan PillaiEdappally Raghavan Pillai
0 Bookmarks 697 Reads0 Likes

സ്വപ്നവിഹാരി – ഇടപ്പള്ളി രാഘവൻ പിള്ള
കോകിലപാളിതന് കാകളിത്തേൻ‌തെളി
കാതിൽപ്പകരുമൊരാരാമത്തിൽ
ഫുല്ലസുമങ്ങളൊത്തുല്ലസിച്ചീടുന്ന
വല്ലീമതല്ലികൾതൻ നടുവിൽ;
വെൺകുളിർക്കല്ലുകളാലേ വിരചിച്ച
കൺകക്കും മേടതന്നങ്കണത്തിൽ.
മുന്തിരിപ്പച്ചയാൽ ശീതളമായൊരു
ബന്ധുരമായ നികുഞ്ജം തന്നിൽ.
മുന്തിരിപ്പച്ചയാൽ ശീതളമായൊരു
ബന്ധുരമായ നികുഞ്ജം തന്നിൽ.
മദ്ധ്യാഹ്നവേളയിലോമലാളൊത്തിരു-
ന്നിത്തരമോരോന്നുരച്ചു ഞാനും;
“ദിവ്യമാം പ്രേമവും താരുണ്യസമ്പത്തും
സർവേശൻ നമ്മൾക്കായേകിടുമ്പോൾ
പാരിടംതന്നിലെ ജീവിതം ദുഃഖമായ്-
ത്തീരുവാനെന്തൊരു ബന്ധമാവോ?
സ്നേഹത്തിൻ സാരമറിയോത്തതായൊരു
സ്നേഹിതരാരുമീ നമ്മൾക്കില്ല;
സ്നേഹത്തിലന്യരെ മുന്നിട്ടുപോകുവാൻ
മോഹിപ്പതെന്യെ മറ്റാശയില്ല;
പ്രേമകഥകൾ കുറിക്കുന്ന പുസ്തക-
സ്തോമമല്ലാതെ നാം‌‌ വായിപ്പീലാ;
നീടുറ്റ നമ്മൾതൻ പ്രേമാപദാനത്തെ-
പ്പാടിപ്പുകഴ്ത്തിടും വാക്കുകൾതൻ

മന്ദതയോർക്കുമ്പോളെങ്ങനെയാണല്പം
മന്ദഹസിക്കാതിരിപ്പൂ നമ്മൾ?”
യാമിനീദേവിതന്നാഗമവേളയിൽ
വ്യോമത്തെ നോക്കി ഞാനേവമോതി:
“കത്തുന്ന ദീപത്തിനുള്ള നിഴലിൽ, ത-
ന്നുത്തുംഗകാന്തി മറഞ്ഞിടുമ്പോൾ,
പൂങ്കാവിൽനിന്നുദ്ഗമിക്കും നെടുവീർപ്പും
പൂഞ്ചോലതന്നുടെ മർമ്മരവും
ചട്ടറ്റ വേണുവിൻ സംഗീതഘോഷവും
തട്ടിയീ വായു കനക്കുംനാളിൽ,
മൃണ്മയദേഹം വെടിഞ്ഞിട്ടീയാത്മാക്കൾ
ചിന്മയൻതന്നിൽ ലയിക്കുംനാളിൽ,
സുന്ദരമാമേതു താരമോ നമ്മൾതൻ-
മന്ദിരമായിട്ടു തീർന്നിടുന്നു?”
മാമകചോദ്യങ്ങൾക്കൊന്നുമൊരുത്തര-
മോമൽ കഥിച്ചല്ല; സ്വപ്നമെല്ലാം!

 

No posts

Comments

No posts

No posts

No posts

No posts