'തൊണ്ടി'- വിനോദ് വൈശാഖി എഴുതിയ കവിത's image
NaN min

'തൊണ്ടി'- വിനോദ് വൈശാഖി എഴുതിയ കവിത

വിനോദ് വൈശാഖിവിനോദ് വൈശാഖി
0 Bookmarks 45 Reads0 Likes

 

മുറിച്ചിട്ട വാല്‍
പിടയ്‌ക്കെ,
പാവമെന്ന
വിളിനില്‍ക്കേ...
അനക്കം തീര്‍ന്ന
ടങ്ങുമ്പോള്‍
കുലുങ്ങി ഭൂമി.

പരിഹാസ
ത്തൊപ്പിയൂരി
ക്കളിപ്പിക്കും
കൊലയാളി,
സ്വയംദൂരെ
പുതിയവാല്‍
മുളപ്പിക്കുന്നു.

മുറിച്ചിട്ടവാല്‍ചെണ്ട
ക്കോലു,കൊണ്ട
ങ്ങടിക്കുമ്പോള്‍ 
കൊല സ്വയം
നടപ്പാക്കിയൊളിച്ചു
പുല്ലന്‍.

തല വില്ലന്‍
വാലു കൊല്ലല്‍
ചുമര്‍ ഗാന്ധിപ്പടം
താങ്ങി,
തൊണ്ടിയില്ലാ
പാതകത്തെ
വെടിപ്പാക്കുന്നു,

നിശബ്ദത
യ്ക്കകത്തേറ്റ
മുറിവില്ലില്‍
ചോരതേച്ചു
തൊടുക്കും
മൂര്‍ച്ചയില്‍ മുറ്റം
വിറങ്ങലിച്ചു.

എന്റെ ഭാഷ
കൊലക്കത്തി
വിളക്കാനാ
യെടുക്കാതെ

എന്റെ ഭാഷ
കൊലയാര്‍പ്പു
വിളിയാക്കി
തുലയ്ക്കാതെ

എന്റെ ഭാഷ
നിന്റെ നാവില്‍
തൊണ്ടിയാക്കി
കുലയ്ക്കാതെ

സ്വയംവാലുമുറി
ച്ചല്പഭ്രമത്തില്‍
നീ മദിക്കാതെ

വാല്‍ മുറിച്ചകത്തി
നിന്നിലദൃശ്യമായ്
കൊതിപൂണ്ട
തൊണ്ടിയായി
പ്പിടിതരാതെ
തിളക്കിവച്ചോ!

പിടച്ചില്‍ദൂരെ
നിന്നേറെ
കൗതുകക്കണ്‍,
കറക്കിക്കൊണ്ട
നക്കമില്ലാതെയാത്മ
രതി ഭാവത്താല്‍,

അടുത്തവാല്‍
ക്കത്തി,രാകി
ക്കുടുക്കുവാ
നൊരുങ്ങുമ്പോള്‍
ചെറുകല്ല്
താങ്ങിനില്‍ക്കാന്‍
നിനക്കായില്ല.

No posts

Comments

No posts

No posts

No posts

No posts