'ഒറ്റജന്മം'- പ്രകാശന്‍ മടിക്കൈ എഴുതിയ കവിത's image
NaN min

'ഒറ്റജന്മം'- പ്രകാശന്‍ മടിക്കൈ എഴുതിയ കവിത

പ്രകാശന്‍ മടിക്കൈപ്രകാശന്‍ മടിക്കൈ
0 Bookmarks 34 Reads0 Likes

 

ഒറ്‌റത്തടിപ്പാലത്താത്മാക്കള്‍ രണ്ടുപേര്‍
അക്കരെയിക്കരെനിന്നും കയറുന്നു
ഒച്ച കിട്ടാത്ത കഴിഞ്ഞ ജന്മത്തിലെ
ഇഷ്ടം പറയുവാനായതു വേദിയായ്.

തൊണ്ടയില്‍ വന്നു കുമിഞ്ഞതാണെങ്കിലും
നൊന്തതിന്‍ വേവ് മണത്തതാണെങ്കിലും
അന്യോന്യമെന്തോ മിഴിയില്‍ തിളങ്ങിലും
ഒന്നും പറഞ്ഞില്ല ജീവന്‍ വെടിഞ്ഞ നാള്‍.

ഒറ്റത്തടിപ്പാലത്തപ്പുറമിപ്പുറം
വെട്ടിച്ചുപോകുവാനാകില്ലുടലുകള്‍.
കെട്ടിപ്പിടിച്ചങ്ങുനിന്നാല്‍ തമസ്സിന്റെ 
യത്യഗാധത്തില്‍ നിപതിക്കുമെങ്കിലും 
ഒറ്റയായ് പോകണം ഒറ്റവാക്കെന്നപോല്‍
മൃത്യുപകുത്തവര്‍ക്കുണ്ടോ വിലക്കുകള്‍?

അന്തിവെയില്‍വിരല്‍തര്‍പ്പണംകൊള്ളാന്‍
വെന്ത ജന്മത്തിന്റെയോര്‍മ്മക്കുഴയുമായ്
അന്ധകാരത്തിന്നടഞ്ഞ മൗനങ്ങള്‍തന്‍
പച്ചമണലിലായ് കുമ്പിട്ടുനില്‍ക്കവെ
കര്‍ക്കടവാവിന്‍ ബലിവറ്റുകൊത്തുവാന്‍
എത്തിയുച്ചത്തിലാ മാനത്ത് കാര്‍മുകില്‍!
ഒറ്റയായ് നാമെന്ന നാദങ്ങളായിരം
പെട്ടെന്നു തീരം പ്രകമ്പനം കൊള്‍കയായ്!

No posts

Comments

No posts

No posts

No posts

No posts