'മീനാക്ഷി മറ്റൊരു നദിയാണ്'- മുരളി വിരിത്തറയില്‍ എഴുതിയ കവിത's image
NaN min

'മീനാക്ഷി മറ്റൊരു നദിയാണ്'- മുരളി വിരിത്തറയില്‍ എഴുതിയ കവിത

മുരളി വിരിത്തറയില്‍മുരളി വിരിത്തറയില്‍
0 Bookmarks 26 Reads0 Likes

 

കടവനാട്ടിലേയ്ക്കുള്ള
ഒരേയൊരു ബസ്
എടപ്പാളില്‍നിന്നും
കാലത്ത് പുറപ്പെട്ടുകഴിയുമ്പോള്‍
ഓട്ടത്തിനും നടത്തത്തിനു
മിടയിലുള്ള വേഗത്തില്‍
പാടം കവിഞ്ഞ് എന്നും
റോഡിലേയ്‌ക്കൊഴുകുന്ന
നദിയാണ് മീനാക്ഷി.
അവളുടെ ഒഴുക്കില്‍പ്പെട്ട,
നാട്ടിലെ ചരാചരങ്ങളെല്ലാം
റോഡിലെത്തിയാല്‍
നാനാദിക്കിലേയ്ക്കും
പിരിഞ്ഞുപോകും.
കടവനാട്ടിലേയ്ക്കുള്ള ബസ്സില്‍
കലങ്ങാതെ, കവിയാതെ
അവളിരുന്ന്
കാഴ്ചകള്‍ കാണും.
ഐശ്വര്യ ടാക്കീസെത്തിയാല്‍
മമ്മൂക്കയുടേയും
ലാലേട്ടന്റേയും
പോസ്റ്ററുകളിലേയ്ക്ക്
അവളൊന്നു തുളുമ്പിപ്പോകും.
അച്യുതവാര്യരുടെ
സ്‌കൂളുകണ്ടാല്‍
ഒരുവട്ടം കൂടി അങ്ങോട്ട്
ഒഴുകിപ്പോയാലോന്ന് തോന്നും.
നൂറു കഴിഞ്ഞ കോടതിക്ക 
ടുത്തുള്ള കോണുവളവു തിരിയുമ്പോള്‍
പഴയ കേസുകെട്ടിന്റെ
കടലാസ്സുവഞ്ചിയും കൊണ്ട്
കടലിലേയ്‌ക്കൊഴുകി
പ്പോയാലോന്ന് വിചാരിക്കും.
സിവില്‍ സ്‌റ്റേഷനും കഴിഞ്ഞ്
താലൂക്കാസ്പത്രിക്കു മുന്നിലെത്തിയാല്‍
മുറിവേറ്റവരും രോഗികളും
ബസ്സില്‍നിന്നും
നീര്‍ച്ചാലുകളായ്
ആസ്പത്രിയിലേയ്‌ക്കൊ
ഴുകിപ്പോകുന്നതുകണ്ടാല്‍
അവള്‍ കലങ്ങാന്‍ തുടങ്ങും...
കടവനാട്ടിലെ, തുരുമ്പിച്ച
അനേകം റാട്ടുകളുടെ ശബ്ദത്തില്‍ ബസങ്ങനെ
വളഞ്ഞുപുളഞ്ഞൊഴുകി
പൂക്കൈതക്കടവിലെത്തി
നില്‍ക്കുമ്പോള്‍ പുഴയിലേയ്‌ക്കൊഴുകി
മീനാക്ഷി, മറ്റൊരു നദിയാകും.

No posts

Comments

No posts

No posts

No posts

No posts