
പരിഭാഷകന്റെ കുറിപ്പ്
(മുദ്ദുപഴനി (1730-1790) തമിഴ്‌നാട്ടില്‍ ജനിച്ചു. ദേവദാസിയായ ഇവര്‍ തഞ്ചാവൂര്‍ ഭരിച്ചിരുന്ന മറാത്ത രാജാവ് പ്രതാപ്‌സിംഹയുടെ 'ഭോഗപത്‌നി' ആയിരുന്നു. തെലുങ്കിലാണ് ഈ കാവ്യം എഴുതപ്പെട്ടിരിക്കുന്നത്. 'രാധികാ സാന്ത്വന'ത്തിന് 'ഇള ദേവിയമു' എന്നൊരു പേരുമുണ്ട്. ശൃംഗാര പ്രബന്ധമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിയില്‍ സ്ത്രീയുടെ ആസക്തിയും അധികാരവും കാണാം. പുരുഷന്റെ ഇച്ഛകള്‍ക്കു വഴങ്ങുന്ന ദുര്‍ബ്ബലയായ സ്ത്രീയല്ല ഇതിലുള്ളത്. ഈ നേരമെനിക്ക് ശൃംഗാര കേളിയാടാന്‍ വയ്യെന്നു പറയുന്ന കൃഷ്ണനിലേക്ക് കുതിച്ചെത്തുന്ന രാധയെ കാണാം. നാഗരത്‌നമ്മയെന്ന മറ്റൊരു ദേവദാസിയാണ് മറഞ്ഞുകിടന്നിരുന്ന ഈ കാവ്യത്തെ പൊതു നഭസിലേക്കു തെളിച്ചെടുത്തത് എന്നത് ചരിത്രത്തിലെ മറ്റൊരു മുന്തിയ സന്ദര്‍ഭം!)
അവളുടെ പേലവമാം ചുണ്ടുകള്‍ നീ
കടിച്ചു ക്ഷതമേല്‍പ്പിച്ചു!
നിന്റെ നഖങ്ങളാലവളുടെ
വിടരുമിളം മുലകളില്‍ വടുക്കള്‍ തീര്‍ത്തു!
മൃദുവാമവളുടെ പട്ടിഴപോലുള്ള മുടിയിഴകള്‍ പിണഞ്ഞുപോയ്
അവളുടെയാഭരണങ്ങളോ അലങ്കോലമായ്
അവളുടെയുടയാടകള്‍ ഉലഞ്ഞു
നീയവളുടെ സുഭഗ കോമളമാമുടല്‍ ഉടച്ചു
ഇളം പെണ്ണവള്‍ അത്രമേല്‍ക്ഷീണിത,നിസ്സംഗ !
2
'ഉം... കൃഷ്ണാ നീയവളെ ചുംബിച്ചുവോ?'
'ഏയ് ഇല്ലില്ല രാധ,അവള്‍തന്‍ ചുണ്ടുകള്‍ കയ്ചു!'
'നീയവളുടെ മുലകള്‍ മുറുക്കെയുടച്ചുവോ?'
'ഇല്ലില്ല അതിളം മൊട്ടുകള്‍ മാത്രം'
'നീയവളുടെ തുടകള്‍ രുചിച്ചുവോ?'
'അതത്രയും മെലിവാര്‍ന്നത്, രാധിക'
'അവള്‍തന്‍ അഴകാര്‍ന്നയുടല്‍ നീ പുണര്‍ന്നുവോ?'
'പടര്‍വള്ളിപോലവള്‍ ചുറ്റിനിന്നു'
'അവളുമായി നീ ആനന്ദിച്ചുവല്ലേ രതിക്കേളികള്‍...'
'ഒരു പുതിയ സമാഗമമാനന്ദമാവില്ലൊരിക്കലും!
അനുഭവപരിചയമില്ലാത്തൊരാള്‍ക്കൊപ്പമെങ്ങിനെ രസിക്കുവാനാകും?'
'പുറംകേളികളാല്‍ നിന്നെയവള്‍ക്കടിമയാക്കിയോ?'
'പുറംകേളികളെന്തന്നറിയാത്ത പൈതലിനെങ്ങനെയാവുമതിന് രാധേ?'
3
പ്രണയബാധയാലവളുടെ
ഹൃദയമതികഠിനം
മന:മശാന്തം
മന്മഥന്റെ വേലകളാല്‍
ഉള്ളെരിയുന്നു
അഴലിലാഴുന്നു
ഒന്നിമപൂട്ടുവാനാവാതെ,നിശയുടെയാഴത്തിലേക്ക്
പടര്‍ന്നൂ രാധതന്‍ കരച്ചില്‍.
4
അവനെയൊന്നുമ്മവെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, അവളോ ഉലഞ്ഞുപോയ്
അവനോടു മിണ്ടുവാന്‍ ശ്രമിക്കുമ്പോള്‍, അവളുടെയൊച്ചയോ ഇടറി
അവനുതാംബൂലം നല്‍കുമ്പോഴോ, അവള്‍ വിറങ്ങലിച്ചു,
കയ്യില്‍ പാതി വെറ്റിലയുമായി നിന്നൂ അവള്‍
നാണത്താലാഴ്ന്ന നവവധുപോല്‍.
5
ഈ കവിത കൂടി വായിക്കൂ
No posts
No posts
No posts
No posts

Comments