'നഗരസത്രം'- ജയകുമാര്‍ ചെങ്ങമനാട് എഴുതിയ കവിത's image
NaN min

'നഗരസത്രം'- ജയകുമാര്‍ ചെങ്ങമനാട് എഴുതിയ കവിത

ജയകുമാര്‍ ചെങ്ങമനാട്ജയകുമാര്‍ ചെങ്ങമനാട്
0 Bookmarks 28 Reads0 Likes

 

പഴയ ബൈക്ക്,
വെമ്പാലപോലിപ്പൊഴും
പ്രണയതല്പം നിവര്‍ത്തി മൂന്നാര്‍വഴി.
ഹരിതകമ്പളം മേലെ
ഇടക്കേതോ കുറിവരച്ചപോല്‍
ആകാശനീലിമ.
മഴ കഴിഞ്ഞു ജലഭ്രമം പൂക്കുന്ന
ഗണിതകാലം കടന്നു തുടര്‍ന്നു നാം
അരികുചേര്‍ന്നിനി ഇത്തിരിക്കുഞ്ഞന്റെ
കുറുകല്‍പോലെ ദലമര്‍മ്മരങ്ങള്‍പോല്‍
മനസ്സ് മനസ്സിനോടൊട്ടി, മൗനത്തിന്റെ
വളവിലാരുടെ ചിന്നം; മൊഴിച്ചിന്ത്
ഇടതുചേര്‍ന്നുള്ള നേര്‍വഴി, നടുവിലെ
വരകടക്കാതെ നോക്കണം സൂക്ഷ്മമായ്
മറുവഴി കാടിറങ്ങിക്കുതിക്കുന്ന
കവിത കക്കുന്ന കൂപ്പിലെ വണ്ടികള്‍.
മിഴികളില്‍ എന്തൊരാളല്‍ പ്രതീക്ഷതന്‍
നിമിഷ സഞ്ചാര രാഗാര്‍ദ്രമാം കടല്‍.
കടലിനാളലോ കാട്ടില്‍, വിരുദ്ധമാം
ഭ്രമണവീഥിതന്‍ കല്പനാകൗതുകം.
മതി മതി വാളറക്കുത്തിലെത്തിയോ;
ഇനിമടങ്ങാം, പകല്‍ അന്തികൊയ്യുന്നു.
നഗരജീവിതം നല്‍കുമീമാപിനി
ക്കറിവതില്ല നമുക്കുള്ള നേരുകള്‍
ചുരമിറങ്ങവെ കാതടപ്പിക്കുന്നു
പെരിയൊരാറിന്റെ താണ്ഡവം ഭീകരം.
മലര്‍, കിളി, സാന്ധ്യവാനം ചുവന്നാര്‍ദ്ര
രമണ ഭാഷയില്‍ ഹൈറേഞ്ചിതിങ്ങനെ.
കവിതചൊല്ലിക്കഴിഞ്ഞില്ല
ജീവിതം മഴനനഞ്ഞില്ല
ചീയപ്പാറ വറുതിവേനല്‍കുടിച്ചില്ല
പൊട്ടുവാന്‍ കുതികുതിക്കുമോ
സഹ്യന്റെ വേരുകള്‍?

വളവു നീര്‍ത്തുന്നു റാണിക്കല്‍
കൊക്കതന്‍ മടിയിലെത്രയോ
ആത്മാവുകള്‍ മോചിതര്‍.
കവിണ കാവടി കാവടിയാക്കിയപോലൊരു
നെടിയ മംഗലപ്പാലം കടന്നു നാം.
കുറിയ നാടാണ് കല്പനാകൗതുകം
കുതറിനില്‍ക്കുന്ന കാവ്യത്തിടമ്പകം
പുതിയ മംഗളം പാടുമീയിടവഴി
ഇരുകരകളെ ചൂടിമരങ്ങളും.
ചെറിയ കാടുണ്ട് ബാക്കി അതിര്‍ത്തിയില്‍
കുറുകെ ചെക്ക്‌പോസ്റ്റ് വേഴാമ്പല്‍ കാവലാള്‍
ഇനിയൊരിത്തിരി സത്യത്തിലേക്കു നാം
കവിതപോലിതാ കോതയാറിന്‍ തിര.

No posts

Comments

No posts

No posts

No posts

No posts