'വിചിത്രമായ നോവുകളും ദംശനങ്ങളും'- അയ്യപ്പന്‍ മൂലേശ്ശേരില്‍ എഴുതിയ കവിത's image
NaN min

'വിചിത്രമായ നോവുകളും ദംശനങ്ങളും'- അയ്യപ്പന്‍ മൂലേശ്ശേരില്‍ എഴുതിയ കവിത

അയ്യപ്പന്‍ മൂലേശ്ശേരില്‍അയ്യപ്പന്‍ മൂലേശ്ശേരില്‍
0 Bookmarks 29 Reads0 Likes

 

വിചിത്രമായൊരു വിനോദം
വേണമെന്ന ആഗ്രഹം
റാകിപ്പറക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളായിരുന്നു.
ആര് കേട്ടാലും ഇയാളെന്ത് സീനാണെന്ന്
ആകാംക്ഷ പൊട്ടിവിരിയണം.
ആ അന്വേഷണമവസാനിച്ചത്
കോഴികള്‍ മരിക്കുമ്പോ മിച്ചമാവുന്ന
കൊക്കുകള്‍ കണ്ടെത്തി
മരണദിവസമെഴുതി
കടലാസിലൊട്ടിച്ചു വെക്കുന്നതിലായിരുന്നു.
കോഴിക്കട അടുത്താകയാല്‍
വിനോദത്തിനു വേഗം കനം കൂടി.
കൊക്കുകളുടെ കൂമ്പാരമായി
മുറിയങ്ങനെ കൊത്തിപ്പെറുക്കിത്തുടങ്ങി.
ആരുമതില്‍ അത്ഭുതം കൂറിയില്ല.
പണിയില്ലാത്തവന്റെ കഴപ്പെന്ന
പ്രയോഗത്തോടെ കോഴികള്‍
ജനാലയ്ക്കല്‍നിന്നു തല വലിച്ചു.

2.
ആളുകളുടെ എമ്പതിയിലിട്ടു പിടിക്കാനുള്ള
സൈക്കോളജിക്കല്‍ മൂവായിട്ടായിരുന്നു
പഴകിയ കത്തുകള്‍ തേടിപ്പോയത്.
ആളും പേരുമറിയാത്ത മനുഷ്യരുടെ
ഗതകാലങ്ങളുടെ കയ്യക്ഷരങ്ങള്‍
ആക്രിക്കടേന്നും തട്ടുമ്പുറങ്ങളീന്നും
ആവേശത്തോടെ കുടഞ്ഞെടുത്തു പോന്നു.
ഫ്രെമ്മും ടൂവും ഊഹങ്ങളുടെ
അയകളില്‍ കുടഞ്ഞുവിരിച്ച്
പതിറ്റാണ്ടുകള്‍ മുന്നേ ഭൂമി വിട്ടവരുടെ
വിശേഷങ്ങളുടെ വിളിക്കപ്പെടാത്ത
സ്വീകര്‍ത്താവായി അയാളും
വെയില്‍ കാത്തുകിടന്നു.
കൊക്കുകള്‍ക്ക് മീതെ
കത്തുകള്‍ കനപ്പെട്ടു കഴിഞ്ഞിരുന്നു.
ചില്ലറ ബുദ്ധിജീവികളൊഴിച്ച് ആരുമത്
ഗൗനിച്ചില്ല. വായിച്ചതുമില്ല.
മഴക്കാലത്തെ കൊപ്രാപോലെ
കൊക്കുകള്‍ക്ക് മീതെ കത്തുകളുടെ
കാര്‍മേഘം.

3.
ഭീതിയാണ് ശ്രദ്ധയുടെ
ഏറ്റവും തികഞ്ഞ മുഴക്കമെന്ന
നിഗമനത്തിലാണ് തൂങ്ങിമരിച്ചവരുപയോഗിച്ച
കയറുകള്‍ ശേഖരിച്ചു തുടങ്ങിയത്.
എന്നും ചരമക്കോളം പരതും.
മരണവീടുകള്‍ കേറിയിറങ്ങി
അലമുറകളഴിച്ച് കയറുമായി തിരികെപ്പോരും.
വിഷാദത്തിനറ്റത്ത് മനുഷ്യര്‍
ഞരമ്പിനോടു കോര്‍ത്തുകെട്ടിയ കയറുകള്‍
മുറിക്കു കുറുകെ വലിച്ചു കെട്ടിയയാള്‍
പാവലിനു പന്തലിട്ടു.
ചത്ത കുഞ്ഞിന്റെ കയറ്
നോക്കാനാര്‍ക്കാണ് നേരം?
എത്ര കാല് തെറ്റിച്ചിട്ടും
വീഴാനാവാത്ത കിണറുപോലെ
അപ്പോഴുമാകാംക്ഷ
അങ്ങൂന്നെത്തിനോക്കിയതേയുള്ളൂ.

4.
കേട്ടാല്‍ ഞെട്ടുന്ന ഇടപാടായോണ്ടാണ്
പാമ്പിന്‍ പടങ്ങള്‍ ശേഖരിക്കാമെന്നു നിനച്ചത്.
തരിശുകളും തോടുകളും കയ്യാലകളും ചാടിക്കടന്ന് 
നീളന്‍ പൊത്തുകളിലേക്ക്
മണ്ണില്‍ മൂക്കമര്‍ത്തി
ഇടംകൈ നീട്ടിയയാള്‍
പൊഴിഞ്ഞ പടങ്ങള്‍ വലിച്ചെടുത്തു.
പൊടിയാതിരിക്കാന്‍ വൃത്തിയിലൊട്ടിച്ച്
ചുമരില്‍ തൂക്കി.
അണലി മുതല്‍ നീര്‍ക്കോലി വരെ നീന്തുന്ന
കുളമായി നാലു ചുമരുകളങ്ങനെ
കൗതുകത്തില്‍ മുങ്ങിക്കിടന്നു.
അരിപ്രാഞ്ചിക്ക് പത്മശ്രീയില്ലെന്ന് അറിയുമ്പോലെ
ഇത്തോണയും സാനം കയ്യീന്നാ പോയ്.
മെച്ചമുള്ള പണിയെന്തേലും
എടുത്തൂഡേന്നു ചോദിച്ചവസാനത്തെ
കാഴ്ചക്കാരനും കടന്നുപോയി.

5.
ഒരാളുടെ ആഭ്യന്തരദുഃഖങ്ങള്‍
മറ്റൊരാള്‍ക്ക് അനാവശ്യമാവുന്നതെങ്ങനെയെന്നു
പഠിക്കാനയാള്‍ തീരുമാനിച്ചു.
ഏറ്റവും നല്ല ഉത്തരങ്ങള്‍
കിട്ടാന്‍ പരേതാത്മാക്കളോട്
സംസാരിക്കുന്ന വിദ്യ പഠിച്ചു.
മരിച്ചുപോയവയെ തിരിച്ചുകൊണ്ടുവരുന്ന
കൗതുകം ഉറക്കത്തിലുമയാളെ
പ്രാപിച്ചു തുടങ്ങിയിരുന്നു.
അന്ന് രാത്രി,
കോഴിക്കൊക്കുകള്‍ കുത്തനെ ചേര്‍ത്തടുക്കിയ
പ്രതലമായി കട്ടില്‍,
ഉടലിനു മീതെ പാമ്പിന്‍പടങ്ങള്‍
കൂട്ടിയടിച്ച പുതപ്പ്,
പാവല്‍പ്പന്തലിനു മീതെ
കത്തുകള്‍ നിരത്തിയ മേല്‍ക്കൂര.

6.
പുലര്‍ന്നപ്പോള്‍ മുറിനിറയെ
കോഴികളും പാമ്പുകളും
തൂങ്ങിമരിച്ചവരുമായിരുന്നു.
കരിനീലിച്ച പെരുവിരല്‍
തുടരെത്തുടരെ കൊത്തിയകറ്റുന്നൊരു
പൂവന്‍കോഴിയെ കടന്നൊരു
അണലി തൊടിയിലേക്കിഴഞ്ഞു.
മരണത്തിലേക്കുള്ള ഭൂപടം
തനിയെ വരച്ചുണ്ടാക്കുന്നതാണ് ഏറ്റവും
വമ്പന്‍ വിനോദമെന്നയാളോട്
പറയണമെന്നുണ്ടാരുന്നു.
പാമ്പുകടിച്ചു മരിച്ചവരുടെ
പെരുവിരലിലെ നഖം
ശേഖരിക്കുന്ന വിനോദമാണെനിക്ക്.
ഇന്ന് രാത്രി ഞാനയാള്‍ക്കൊരു കത്തെഴുതും.
 

No posts

Comments

No posts

No posts

No posts

No posts