ഉപ്പ് രുചിയുള്ള മേരിബിസ്ക്കറ്റ് / ഓർമ്മ / സുഗതൻ വേളായി's image
77K

ഉപ്പ് രുചിയുള്ള മേരിബിസ്ക്കറ്റ് / ഓർമ്മ / സുഗതൻ വേളായി

ഉപ്പ് രുചിയുള്ള മേരിബിസ്കററ്(അനുഭവം) സുഗതൻ വേളായി

    അച്ഛനെ ഞാൻ എന്നാണ് ആദ്യമായി കാണുന്നത്?

കുഞ്ഞോർമ്മകളുടെ കുഴമറിച്ചലുകളിൽ

നിന്ന് ഒന്നുംവേർതിരിച്ചെടുക്കാനാവുന്നില്ല.

 അച്ഛൻ്റെ വിരലിൽ തൂങ്ങി നടന്ന കുട്ടിക്കാലമോ "അച്ചനോട് പറയും "എന്ന് അമ്മമാർ പറയാറുള്ള അടിയുടെ പേടിപ്പെടുത്തലുകളോ എൻ്റെ ഓർമ്മയിൽ തെളിഞ്ഞു വരുന്നില്ല. 

    കിട്ടൻ ശിപായി ഇടവഴിയിലെ കോണി ചുവട്ടിൽ നിന്നുംനീട്ടി വിളിച്ചിരുന്നത് അച്ഛൻ്റെ കത്ത്തരാൻവേണ്ടിയായിരുന്നു.മണി ഓർഡറാണെങ്കൽ അയാൾ കോണിപ്പടി കയറി നേരെ കോലായിലേക്ക് കയറി വരും.

   ഭദ്രമായി തുകലിൽ പൊതിഞ്ഞടുക്കിയ കത്തുകളുടെ അടരുകളിൽ നിന്നും കട്ടിയുള്ള എം.ഒ ഫോറം എടുത്ത് മേശമേൽ നിവർത്തി വെക്കും. അമ്മ ഏതോ അമൂല്യ നിധി കൈപ്പറ്റാനെന്ന പോലെ മുന്നിലേക്ക് വരും. 

     സ്വർണ്ണ നിറത്തിലുള്ള മൂടിയുള്ള ഹീറോ പേന തുറന്ന് ശിപായി അമ്മയെ കൊണ്ട് ഒപ്പ് വെപ്പിക്കും.പിന്നെ തുകൽ ബേഗിൽ നിന്നും ഒരു ചതുര ഡബ്ബി തുറന്ന് അതിൽ അമ്മയുടെ വിരൽ ഉരച്ച്‌ വിരലടയാളം പതിപ്പിക്കും.

  തുടർന്ന് മാന്ത്രികനെ പ്പോലെ അയാൾ തോൾസഞ്ചിയിൽ കൈയിട്ട് എണ്ണി തിട്ടപ്പെടുത്തിയ പോലെ ഏതാനും നോട്ടുകെട്ടുകൾ നീട്ടും. അമ്മ വിറക്കുന്ന കൈകളോടെ അത് ഏറ്റുവാങ്ങും. ഫോറത്തിൻ്റെ അറ്റത്തു നിന്നും സ്കെയിൽ വെച്ച് മുറിച്ച ഒരു ചിന്ത് ചീള് കുടി അമ്മയ്ക്ക് നൽകും. മുണ്ടിൻ്റെ കോന്തലയിൽ നിന്നും അഞ്ചു രൂപ നോട്ട് എടുത്ത് ശിപായിക്ക് കൊടുക്കുന്നതോടെ

ഒരു ചടങ്ങ് കഴിഞ്ഞ പ്രതീതി അവിടെ പരക്കും.  

       ബോംബെ വെസ്റേറൺ റെയിൽവേയിൽ ജോലിയുള്ള അച്ഛൻ അയക്കാറുള്ള കത്തുകളുടെ ആദ്യ വായനക്കാരി എൻ്റെ ചേച്ചിയായിരുന്നു. അപ്പു വൈദ്യര് കുറിച്ചു തരാറുള്ള തറി മരുന്നിൻ്റെ ചാർത്തു പോലുള്ള അച്ചൻ്റെ കൈയക്ഷരം വായിച്ചെടുക്കാനുള്ള കഴിവ് ചേച്ചി സ്വായത്തമാക്കിയിരുന്നു.അമ്മ ചുണ്ടിൽ പൊടിഞ്ഞ വിയർപ്പ്, കോന്തല കൊണ്ട് തുടച്ച് സാകൂതം മകളെ നോക്കിയിരിക്കും. പാറു അമ്മൂമ്മ ഉമ്മറ തിണ്ണയിൽ തൂണും ചാരി ഇരിക്കും. അച്ഛൻ്റെ അദൃശ്യ രൂപവും സാന്നിധ്യവും എൻ്റെ കുഞ്ഞ് മനസ്സിൽ തിടം വെക്കാൻ തുടങ്ങും.

     വീടിൻ്റെ ചെത്തി തേക്കാത്ത കൽചുമരിൽ ദൈവത്തിൻ്റെ ചില്ലിട്ടു തൂക്കിയ പടമോഏതെങ്കിലും ഫോട്ടോയോ എന്തിനേറെ നാളും പക്കവും നോക്കാൻ

ഒരു കലണ്ടർ പോലും ഉണ്ടായിരുന്നില്ല.

വെയിൽ തിണ്ട് കയറുന്നതും ചേതി കയറുന്നതും നോക്കി അമ്മൂമ്മ നേരം

കണക്കാക്കുമായിരുന്നു. അതല്ലാം ഒരു കാലം.

   

     വീടിൻ്റെ വടക്കേ തൊടിയോട് ചേർന്നൊഴുകുന്ന പുഴയിൽ വെള്ളത്തിൻ്റെ കയറ്റിറക്കങ്ങളും വരണ്ട മണൽപ്പരപ്പും കണ്ടും അർമാദിച്ചും

നീന്തി തുടിച്ചും പരൽ മീനിനെ പിടിച്ചും

കളി ബഹളങ്ങളിലൂടെ ഒത്തിരി മഴക്കാലങ്ങളും വേനലവധികളും കൊഴിഞ്ഞു. പുഴയും വഴിയും വയലും തോടും ഒന്നായി മാറുന്ന തുലാവർഷപെയ്ത്തുകൾ കണ്ടു.

    വെയിൽ ചാഞ്ഞ ഒരു വൈകുന്നേരം കറുത്ത ഷൂഷും വെള്ള ഷർട്ടും മൂത്ത പ്ലാവിലയുടെ നിറമുള്ള കരിമ്പച്ച പാൻ്റും ധരിച്ച ആരോ പുരയിലേക്ക് കയറി വന്നു.

ക്ഷൗരം ചെയ്തു മിനുക്കി ഗോപിക്കുറിചാർത്തിയ മുഖത്ത് കറുത്ത കാലുള്ള കണ്ണട.

മുടി ഓടപ്പൂ പോലെ വെളുത്തിരുന്നു. വലിയ ട്രങ്ക് പെട്ടിയും പെട്ടകങ്ങളും തലച്ചുമടേററി ,വിശാലമായ മുതിയങ്ങവയലിൻ്റെ നെടു വരമ്പുകൾ താണ്ടി, കൂടെ രണ്ട് പെണ്ണുങ്ങളും.

     അച്ചുമാമൻ വന്നേ എന്ന്പറഞ്ഞ് ബന്ധുക്കളും അയൽക്കാരും

വരാൻ തുടങ്ങി. വെറ്റിലചെല്ലവും വെടിപറച്ചിലും പൊട്ടിച്ചിരിയുമായി പുരനിറഞ്ഞു. ചായയും പലഹാരവും നിരന്നു .ബന്ധുക്കളേയും പിരി ശക്കാരേയും തക്കരിച്ച്അമ്മ അടുക്കളിയിൽ തീ ഊതി തളർന്നു.അമ്മമ്മ ചട്ടക്കാലിൽ തുള്ളി തുള്ളി നടന്നു. എൻ്റെ സന്ദേഹം

വിടർന്ന കണ്ണകളിലേക്ക് നോക്കി ചേച്ചിയും ചേട്ടനും പറഞ്ഞു: "ഞമ്മള അച്ചനാ..."

    അച്ഛന് മക്കളോട് കുശലം പറയാനോ

ഭാര്യയോട് കിന്നരിക്കാനോ

വിധവയായ പെങ്ങളോട് സംവദിക്കാനോ

സമയം അനുവദിച്ചിരുന്നില്ല.

അല്ലെങ്കിൽ തന്നെ ആ പഴയ കാലത്ത്

അത്തരം പൊങ്ങച്ച കാഴ്ച്ചകളൊക്കെ

തീർത്തും അർത്ഥശൂന്യവും.

    അച്ഛൻ്റെ പെങ്ങളെ ഓർമ്മവെച്ച നാൾ മുതൽ ഞാൻ അമ്മമ്മേ എന്ന് വിളിച്ചു പോന്നു.ഞങ്ങൾ കുട്ടികൾക്ക് അവരവരുടെതായ

കൊച്ചു കൊച്ചു ലോകങ്ങൾ.....

     അമ്മയുടെ മറപറ്റി നിന്ന് ഞാൻ അച്ഛനെ പേടിയോടെ നോക്കി. നമുക്ക് മധുര മിഠായി കിട്ടുമായിരിക്കും എന്നൊന്നും കരുതാനുള്ള പൂർവ്വ ഓർമ്മകളൊന്നുമില്ല.

 

Read More! Earn More! Learn More!