കാലം 2002.
ബംഗളുരുവിലെ കലാസിപ്പാളയം ബസ് സ്റ്റാന്റ്.
രാവിലെ ഒൻപതു മണിയായിക്കാണും.പതിവു തിരക്കും ബഹളവും. തിടമ്പേററിയ കൊമ്പന്മാരെപ്പോലെ അണിനിരന്ന ആഢംബര ബസ്സുകളുടെ നിര .
ഹമാലികൾ (കൂലികൾ)ബസിന്റെ മുകളിൽ പാർസലുകൾ കയറ്റി അടുക്കി വെക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു.
നാട്ടിലേക്കുള്ള തുണിത്തരങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, സ്റ്റേഷനറി ഐറ്റംസ്, മറ്റു ലൊട്ടുലൊടുക്ക് സാധനങ്ങൾ, പച്ചക്കറികൾ മുതലായവയെല്ലാം കയറ്റി അയക്കുന്ന ചരക്കു വാഹനവും ഇപ്പൊൾ ഇതുതന്നെ.
ചിലർ സൈക്കിളും ബൈക്കും താഴത്തെ അറയിൽ കയറ്റിവിടുന്നു. സിലണ്ടർ കുറ്റികൾപോലും കേറ്റി വിടാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
നക്കാപ്പിച്ചയ്ക്കായ് ആശിച്ച് നഗ്നമായ നിയമലംഘനങ്ങൾക്കുനേരെ കണ്ണടക്കുന്ന നിയമപാലകർ.
ടി..പി.കെ. ട്രാവൽസിൽ പകുതി സീറ്റുകളും കാലിയായിരുന്നു.
ഭാര്യയെയും മകളെയും ബസ്സിനകത്തിരുത്തി .
ബസ് പുറപ്പെടാൻ ഇനിയും സമയമുണ്ട്. ഞാൻ പുറത്തിറങ്ങവേ ഭാര്യ പറഞ്ഞു:
“എനിക്കൊരു ചായ …….പിന്നെ മോക്കൊരു നാരങ്ങ “.
കൂടെ കൂട്ടാനായി അമ്മു കിണുങ്ങാൻ തുടങ്ങി.
“ങ്ങ്ള കുഞ്ഞബ്ദുള്ളയല്ലേ അദ് ”
പത്തു മിനുട്ടിനകം തിരികെ വന്നപ്പോൾ ആശ്ചര്യത്തോടെ ഭാര്യ അടക്കം പറഞ്ഞു.
അവളുടെ കൺകോണിലൂടെ ഞാൻ എന്റെ കുഞ്ഞിക്കയെ കണ്ടു.
സ്വർണ്ണ വർണ്ണ ഫ്രെയിമുള്ള കണ്ണട ധരിച്ച് കുഞ്ഞുങ്ങളുടെ കുസൃതിയോടെ, കിളിച്ചുണ്ടൻ ചുണ്ടിൽ വിടരാൻ കൊതിക്കുന്ന ചിരിയോടെ….. പുനത്തിൽ കുഞ്ഞബ്ദുള്ള !!
ആരോഗ്യ മാസികയിലെ ‘മരുന്നും മന്ത്രവും, വായിച്ച് ഭാര്യയും അദ്ദേഹത്തിന്റെ ആരാധികയായി തീർന്നിരുന്നു. മദനന്റെ കാരിക്കേച്ചറും അവൾക്ക് ഏറെ ബോധിച്ചിരുന്നു.
‘സ്മാരകശിലക’ളും ‘പുനത്തിലിന്റെ കഥ’കളും ‘കഥാദ്വൈവാരിക”യിലെ ‘ഡോക്ടർ അകത്തുണ്ട് ‘എന്ന ആത്മകഥാരൂപമായ കുറിപ്പും ‘ഭാഷാപോഷിണി’യിലെ ‘എഴുത്തുകാരന്റെ ദേശ’വും ‘നഷ്ട ജാതകവും’ വായിച്ച് ഞാൻ പുനത്തിലിന്റെ അയൽക്കാരനായി എന്നെ മാറിയിരുന്നു .
ഒരു പക്ഷേ, കുഞ്ഞിക്കയെ എന്റെ നാട്ടുകാരനായ കുഞ്ഞാലിക്കയായി തോന്നിച്ചിരുന്നു. തീർച്ചയായും ഒരു പച്ചമനുഷ്യൻ.
സംഭ്രമവും അശ്ചര്യവും കൊണ്ട് ഞാൻ വിറപൂണ്ടു. ചുടുചായ വീണ് ഭാര്യയുടെ കൈ പൊള്ളി. മധുരനാരങ്ങ കൊച്ചു കൈകളിൽ കൂട്ടി പിടിച്ച് എന്റെ അമ്മു പാൽ പുഞ്ചിരി പൊഴിച്ചതുംകണ്ടില്ല.
ആരെങ്കിലും അദ്ദേഹത്തിനരികിൽ ഇരിക്കുന്നതിനു മുന്നേ എന്റെ നാട്ടുകാരനരികിലേക്ക് ഞാൻ കിതച്ചെത്തി..
അദ്ദേഹം എനിക്കുവേണ്ടി ഒന്ന് ഒതുങ്ങിയിരുന്നു. എന്റെ വെപ്രാളം കണ്ടോ എന്തോ ചുണ്ടിൽ പുഞ്ചിരിയുണ്ടായിരുന്നു.
സ്വയം പരിചയപ്പെടുത്താനൊന്നും പോയില്ല. അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല.
തന്റെ മടിയിൽ കിടന്നിരുന്ന സന്തതസഹചാരിയായ V. I. P സ്യൂട്ട്കെയ്സ് മുകളിലെ റേക്കിലേക്ക് മാറ്റി വെച്ചു. ചതുരകള്ളികളുള്ള പുതുപുത്തൻ ഷർട്ടിൽ നിന്നും കൊളോങ്ങിന്റെ സുഖദായകമായ പരിമളം പാലസിച്ചു.
ബസ് പുറപ്പെടാൻതുടങ്ങുമ്പോഴെക്കും കൊച്ചുവർത്തമാനങ്ങളിലൂടെ ഞാൻ കുഞ്ഞിക്കയുടെ വിശാലമായ മനസിലേക്ക് ഇരിപ്പുറപ്പിച്ചു.
ബംഗളുരുവിൽ BDS ന് പഠിക്കുന്ന മകന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് നാട്ടിലേക്ക്തിരിക്കുകയായിരുന്നു ,അദ്ദേഹം.
ഉത്തരവാദിത്തമുള്ള ഉപ്പ!.
ആറാം മാസക്കാരിയായ ഭാര്യയെ വീട്ടിൽ കൊണ്ടുവിടാനായി ഞാനും.
എന്റെ കൊച്ചു കൊച്ചു ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വളരെ നർമ്മ മധുരമായി ഉത്തരങ്ങൾ നൽകി. ചിലപ്പോൾ കുലുങ്ങി ചിരിച്ചു .തലക്കനമില്ലാത്ത അകലം പാലിക്കാത്ത സാധാരണക്കാരിൽ അസാധാരണക്കാരനായ കുഞ്ഞബ്ദുള്ള ഒരദ്ഭുതമായിരുന്നു.
എഴുത്തിന്റെപാരമ്പര്യവഴികളെ ക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമായിരുന്നു:
എന്റെ പൂർവ്വികർ പഠാണിമാരാണെന്നും ഉറുദുവിൽ നല്ല അറിവുണ്ടായിരുന്നെന്നും ഒരാൾ കവിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ, ആ ജീൻ എന്നിലും കാണുമായിരിക്കാം. തെരെഞ്ഞെടുപ്പിൽ മത്സരിച്ച് വിവാദവും പരാജയവും സംഭവിച്ചതിനെപ്പറ്റിയും അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു :
“സി.കെ.പദ്മനാഭൻ നല്ല സുഹൃത്തായിരുന്നു . അവൻ ആദ്യം വിളിച്ചു . മത്സരിക്കണമെന്നു നിർബന്ധിച്ചു. സുഹൃത്തുക്കളോട് നോ പറഞ്ഞ് ശീലമില്ലായിരുന്നു.അങ്ങനെ ബി.ജെ.പി.സ്ഥാനാർഥിയായി.
സി.പി.എമ്മുകാർ വിളിച്ചിരുന്നെങ്കിൽ അവരുടെ കൂടെ പോയേനേ. പിന്നെ ചുളുവിൽ കുറെ തെരെഞ്ഞെടുപ്പനുഭവവും കിട്ടുമല്ലോ എന്നു കരുതി”. രാഷ്ടീയക്കാർ നല്ല സ്നേഹമുള്ള വർഗ്ഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഇടയ്ക്ക് എന്റെ വായനയുടെ ഓള പരപ്പിലേക്ക് അദ്ദേഹം ചൂണ്ടയെറിഞ്ഞു.
‘ഞാനും എന്നുടെ നിലയ്ക്ക് ഒരു ചെറു കർഷകനത്രെ ‘ എന്നു പറയാനുള്ള ധൈര്യമൊന്നും എനിക്കില്ലായിരുന്നു. പറയാതിരിക്കാനുള്ള അറിവ് ഉണ്ടായിരുന്നു.
ബഷീറിനെയും എംടിയെയും മുകുന്ദനെയും ചുള്ളിക്കാടിനെയും മനസ്സിൽ ധ്യാനിച്ചു. എൺപത്തിയാറു – തൊണ്ണൂറുകളിൽ ‘കഥാ ദ്വൈവാരിക’ വാങ്ങാൻ വേണ്ടി ആറു കിലോമീററർ നടന്നതും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അനുഭവ കുറിപ്പുകൾ അച്ചടിച്ചുവന്ന ‘സമകാലിക മലയാളം’ വാരികയ്ക്കായി ഇരുപതു കിലേ മീറ്ററിലധികം സഞ്ചരിച്ചതും പിന്നീട് "ബാലൻ" എന്ന കൈയൊപ്പോടുകൂടി ‘ചിദംബരസ്മരണ’ സ്വന്തമാക്കിയും പറഞ്ഞില്ല.
&nbs