അച്ഛന്റെ ഓർമ്മകൾക്ക് എന്നും

മധുരമേറിയ മാമ്പഴത്തിന്റെ

ഗന്ധമാണ്...


പക്ഷികളുടെ ചിലമ്പൽ നാദത്തിന്റെയും

നനുത്ത തെന്നലിന്റെ തഴുകലേകുന്ന

ആശ്വാസത്തിന്റെയും അകമ്പടിയുമുണ്ട്...


മിഴികളിൽ നനവ് പടർത്തുമെങ്കിലും

പുഞ്ചിരിയേകുന്ന ഇന്ദ്രജാലമുണ്ട്...


ഹൃദയത്തിൽ എവിടെയോ മുറിവേൽപ്പിക്കുന്ന

നോവിന്റെ അംശവുമുണ്ട്..


പച്ചപ്പ് നിറഞ്ഞ പരവതാനിയിൽ

പതിയെ പറന്നുവീഴുന്ന തൂവലിന്റെ

മൃദുലതയുണ്ട്..


കടപുഴകി വീഴുന്ന തണൽ മരങ്ങൾ

നൽകുന്ന ശൂന്യതയുമുണ്ട്..


പ്രവചനങ്ങൾക്കും മേലെ മാറിമാറിയുന്ന

ഋതുക്കളുടെ കുത്തൊഴുക്കുണ്ട്..


തളർന്നു മയങ്ങുന്ന തൊട്ടാവാടിയിൽ

പൂ വിരിയിക്കുന്ന വസന്തമുണ്ട്..


ഉള്ളിലെ അഴലുകളെ അടർത്തിക്കളയുന്ന

ശിശിരവുമുണ്ട്..


മുന്നറിയിപ്പില്ലാത്ത വേർപിരിയലിൽ

എന്നും നെഞ്ചകം പൊള്ളിക്കുന്ന ഗ്രീഷ്മമുണ്ട്...


മനസ്സിന്റെ വിങ്ങലിന് ഈണമേകുന്ന

മഴത്തുള്ളികളുടെ താളം നിറയുന്ന

വർഷവുമുണ്ട്..


അങ്ങനെയങ്ങനെ ഒരിയ്ക്കലും തീരാത്ത

മറവിയിലും മടങ്ങാത്ത ഓർമ്മകളുടെ

വേലിയേറ്റങ്ങളിലും വേലിയിറക്കങ്ങങ്ങളിലും

കടലിന്റെ അലകൾ പോലെ ഉയരുന്നുണ്ട് ഇന്നും അച്ഛൻ എന്ന സ്നേഹം...എന്നും.. എല്ലായ്‌പ്പോഴും...


©Soumya Gopalakrishna